Thursday, June 15, 2017

ഇലകളേ..... നിങ്ങൾ മാറ്റമുൾക്കൊള്ളേണ്ട സമയമായിരിക്കുന്നു..


                     ഒരുപാട് വനിതാ ദിനങ്ങൾ കടന്നു പോയി..ഇനിയുമൊരുപാട് ദിനങ്ങൾ കടന്നു വരാനായികാത്തിരിക്കുന്നുമുണ്ട്.
അപ്പോഴൊക്കെ പതിവു പോലെ സ്‌ത്രീ സംരക്ഷണം,ലിംഗ സമത്വം,സ്ത്രീ വിദ്യാഭ്യാസം,സ്‌ത്രീ സുരക്ഷ..തുടങ്ങി സ്‌ത്രീകളുമായി ബന്ധപ്പെട്ടയനേകം വിഷയങ്ങളെപ്പറ്റി ആളുകൾ അതി മഹത്തായ 'പതിവു പ്രഭാഷണങ്ങൾ ചർദിച്ചു കൊണ്ടിരിക്കും,ചർച്ചകൾ ചർച്ചിക്കാൻ തുടങ്ങും,പുതിയ പ്രഖ്യാപനങ്ങൾ പ്രഖ്യാപിക്കപ്പെടും'. അങ്ങനെ സമൂഹമാകെ ആ ദിനത്തിൽ സ്ത്രീയെ ഒരു വിശുദ്ധയായി പ്രഖ്യാപിക്കും...
 ഈ വിധത്തിൽ ഓരോ വനിതാ ദിനവും ഒരു മാറ്റവുമില്ലാതെ കടന്നു പോകും.കുറച്ചു കഴിയുമ്പോൾ പുതിയ 'പേരു നഷ്ടപ്പെട്ട നിർഭയയും സൂര്യനെല്ലിയും,ജിഷയുമെല്ലാം' പുനർജനിക്കാൻ തുടങ്ങും.ഒരുപാട് ഗോവിന്ദച്ചാമിമാരെയും അമീറുൽ ഇസ്ലാമിനെ പോലുള്ള ഡ്യൂപ്ലിക്കേറ്റ് പ്രതികളെയും പുറംലോകത്തേക്കാൾ നന്നായി ജയിലിൽ പരിപാലിക്കുന്ന മഹാമനസ്കരായ നമ്മുടെ മാറ്റമില്ലാത്ത ഭരണകൂടമുള്ള കാലത്തോളം 'പുനർജനന നിരക്ക് 'വർധിച്ചു കൊണ്ടിരിക്കും.സത്യത്തിൽ വനിതാ ദിനത്തിൽ കേൾക്കാറുള്ള-സ്‌ത്രീ അമ്മയാണ്......എന്നു തുടങ്ങുന്ന മാനവിക സന്ദേശംപിന്നീടെവിടെപ്പോയാണൊളിക്കു-ന്നത്?!!
  ജനിച്ചു തുടങ്ങുന്നത് മുതൽ ഒരു പ്രത്യേക പ്രായം വരെ(അത്‌ പണ്ട്, ഇപ്പോൾ കുഴിമാടം വരെ എന്നു തന്നെ പറയണം) "നീ ഇലയാണെന്നും പുരുഷനൊരു കൂർത്ത മുനയുള്ള മുള്ളാണെന്നും,മുള്ള് ഇലയിൽ വീണാലും ഇല മുള്ളിൽ വീണാലും ഇലക്കാണ്‌ കേട് " എന്ന സ്ഥിരം പല്ലവി കേട്ടാണല്ലോ ഓരോ പെണ്ണും വളരുന്നത്.അതു കേൾക്കുന്നതോടെ ചെറുപ്രായത്തിൽ തന്നെ അവളൊരു ഇലയായി മാനസികമായി മാറിക്കഴിയും. ഇനി അല്ല-അവളിൽ ആ മുള്ളുകളെ തടുക്കാനുള്ള എന്തെങ്കിലും ഒന്നുണ്ടെങ്കിൽ സമൂഹം അതിനെ തച്ചുടച്ച് വീണ്ടുമൊരിലയാക്കിമാറ്റും.അങ്ങനെ മുള്ളിന്റെ മൂർച്ചയും ഇലയുടെ മൃദുലതയും കാലം കഴിയുംതോറും വർധിച്ചു വരികയും അതൊരു സംഘട്ടനമായി മാറുകയും ചെയ്യുന്നത് പത്ര മാധ്യമങ്ങൾ പരിശോധിച്ചാൽ നമുക്ക് മനസ്സിലാകാൻ സാധിക്കുന്നതാണ്.അതുകൊണ്ടു തന്നെ
വഴുവഴുപ്പുള്ള ഈ ലോകമെന്ന 'പാതയിൽ ' ഏതു നിമിഷവും തെന്നി വീഴാൻ പാകത്തിലുള്ള സ്ത്രീകളെയാണ് നാമേറെയും കാണുന്നത്.എഴുത്തുകാരിയായ "ദീപ നിശാന്തിന്റെ കുന്നോളമുണ്ടല്ലോ ഭൂതക്കാലക്കുളിർ " എന്ന പുസ്തകത്തിലെ " 'മാന'ത്തേക്കെന്തിത്ര സൂക്ഷിച്ചു നോക്കുന്നു" എന്ന ഭാഗത്തിൽ ഈ കാര്യങ്ങളെ പറ്റി കൃത്യമായി പരാമർശിക്കുന്നുണ്ട്.
 (എഴുത്തുകാരിയുടെ തന്നെ വാക്കുകളിൽ)
      *മോഷണത്തിനിരയാവുമ്പോഴോ ഗുസ്തിമത്സരത്തിൽ പരാജയപ്പെടുമ്പോഴോ ഒരു പെണ്ണിനും മാനം നഷ്ടപ്പെടുന്നില്ല.അവളെയാരും 'മാനഭംഗത്തിനിരയായ പെണ്ണ് ' എന്ന് വിശേഷിപ്പിക്കുന്നില്ല.ഒരു പ്രത്യേക അവയവത്തെ കേന്ദ്രീകരിച്ചുള്ള ആക്രമണം മാത്രം 'മാനഭംഗ'മാകുന്നതെങ്ങനെയാണ്???അവൾ പിന്നെ 'ഇര' മാത്രമാണ്.അവൾക് പേരില്ല..മുഖമില്ല.. മേൽവിലാസമില്ല!!!
 ബലാത്സംഗത്തിന് വിധേയയായ സ്ത്രീയെ നമ്മൾ 'ഇര' എന്നു വിളിക്കുമ്പോൾ ഇംഗ്ലീഷിൽ അവളെ വിളിക്കുന്നത് 'surviver' എന്നാണ്.എത്ര നല്ല വാക്ക്!!!അതിജീവനത്തിനുള്ള ഒരു വഴി ആ വാക്കിൽ തന്നെയുണ്ട്. 'മാനഭംഗം' എന്ന വാക്ക് അത്ര നിർദോഷമായ വാക്കല്ല,അവയവത്തെ കേന്ദ്രീകരിച്ചു മാത്രമാണ് പെണ്ണിന്റെ മാനമിരിക്കുന്നത് എന്ന ദുഃസൂചന അതിലുണ്ട്
ഒരുത്താനാൽ ആക്രമിക്കപ്പെട്ടു എന്ന മുറിവുമായി ഒരു പെണ്ണ് വന്നാൽ "ഡെ റ്റോളോഴിച്ചു കഴുകിയാൽ മതി " എന്നു പണ്ട് മാധവിക്കുട്ടി പറഞ്ഞു.പെണ്ണിന്റെ പരിശുദ്ദിയെ നിസ്സാരവത്കരിക്കുന്ന ഒരു പ്രതികരണമല്ല അത്.മറിച്ച് "പരിശുദ്ദി" എന്നത് അക്രമണത്താൽ തകരുന്ന ഒന്നല്ലെന്ന് ബോധ്യപ്പെടുത്തുന്ന ശുഭാപ്തി ചിന്തയാണത്..
പക്ഷെ ഇന്ന് നാം ജീവിക്കുന്ന സമൂഹത്തിൽ ബാലസംഘം ചെയ്യപ്പെട്ട പെണ് കുട്ടികളൊക്കെ അജ്ഞാതരാണ്. ഏതോ ഇരുട്ടറയിലാണ്. മരിച്ചപ്പോൾ മാത്രമേ സൗമ്യക്കൊരു പെരുണ്ടായുള്ളൂ.ജീവിച്ചിരിക്കുന്നവരൊക്കെ സൂര്യനെല്ലി പെണ്കുട്ടിയും വിതുര പെണ്കുട്ടിയും പന്തളം പെണ്കുട്ടിയുമൊക്കെയാണിപ്പോഴും.ഒരു നാടിന്റെ പേരാണവർ .ആ നാടിന്റെ "പേരു കളഞ്ഞവരായി "വേറേതോ നാട്ടിലേക്കവർ പാലായനം ചെയ്തുകൊണ്ടേയിരിക്കുകയും ചെയ്യുന്നു(ഇതിനോട് ചേർന്നുകൊണ്ട് സിതാരയുടെ അഗ്നി എന്നൊരു ചെറു കഥയും എഴുത്തുകാരി തന്നെ കൂടിച്ചേർത്തിട്ടുണ്ട്)*
  സത്യത്തിൽ ഇതല്ലേ വേണ്ടത്??.അക്രമണത്തിനിരയാവുമ്പോഴേക്ക് ജീവനോടുക്കുകയല്ല മറിച്ച് അതിനെതിരെ പ്രതികരിച്ച് അതിജീവിക്കുകയാണ് വേണ്ടത്..അവളെന്നെ "ഇലക്ക്" പരിക്കു പറ്റിയാലും അവളിലെ "പരിശുദ്ധി " തകർന്നുടയുന്നില്ലെന്ന് അവളെ പറഞ്ഞു മനസ്സിലാക്കേണ്ടവർ,ശുഭാപ്തി വിശ്വാസം പകർന്നു കൊടുക്കേണ്ടവർ അവളെ നിസ്സഹായതയുടെ,നിരാശയുടെ..പടുകുഴിയിലേക്ക് തള്ളിയിടുകയാണ്..
    മാറേണ്ടത് നാം തന്നെയാണ്,നമ്മുടെ ചിന്തകളാണ്. അതുകൊണ്ട് "സ്‌ത്രീകളെ, നാം കല്ലുകളാ വുക..നിന്നിലേക്ക്‌ പാഞ്ഞെടുക്കുന്ന ഓരോ മുള്ളിന്റെയും കൂർത്ത മുനകളെ നീ ഇല്ലാതാക്കുക.."

   

No comments:

Post a Comment